പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് താരം.
അടുത്തിടെ ഒരു സഹ സംവിധായകന് തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത ശേഷം, ഞാൻ കാരവാനിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഒരാൾ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.
അയാൾ ഉടൻ തന്നെ തന്റെ ഷർട്ട് ഊരി മാറ്റി നെഞ്ചിൽ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു. എന്റെ കൈയും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി. അയാൾ അയാളുടെ ശരീരത്തിൽ എന്റെ പേര് ടാറ്റൂ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോൾ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീർത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രിമിനൽ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാൻ അയാൾക്ക് മുന്നറിയിപ്പ് നൽകുകയും അയാളെ തിരിച്ചയക്കുകയും ചെയ്തു- കാജൽ പറഞ്ഞു.
അനുവാദമില്ലാതെ എന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജൽ കൂട്ടിച്ചേർത്തു.